Saturday, January 4, 2020

കിണർപോലൊരുവൾ
===================

നിങ്ങളെന്നെങ്കിലും ഒരു പെണ്ണിന്റെ ഹൃദയത്തിന്റെ
ആഴങ്ങളിലേക്ക് നോക്കിയിട്ടുണ്ടോ
സ്നേഹം നിറഞ്ഞു നിൽക്കുമ്പോൾ
നിങ്ങളാ സ്നേഹം കോരിക്കുടിച്ചിട്ടെ ഉണ്ടാകൂ

ആ തെളിനീരിനുമപ്പുറം ആഴമേറിയ നിലമുണ്ട്
സ്നേഹത്താൽ മറയ്ക്കപ്പെട്ട ഭിത്തിയിൽ
നോവുകൾ പായൽപിടിച്ചിരിക്കും

വിരൽ കൊണ്ടൊന്നു തൊട്ടു നോക്കൂ
ഇപ്പോഴും രക്തം പൊടിയുന്നുണ്ടാവും
വീണ്ടുമാഴത്തിൽ നോക്കേണ്ട
ഉള്ളിൽ ഭയപ്പെടുത്തുന്ന നിശ്ശബ്ദതയാണ്
തിരസ്‌ക്കാരവും, നഷ്ടബോധങ്ങളും
കടമകളും ചട്ടക്കൂടുകളും
ആഴങ്ങളിൽ അവൾ കുഴിച്ചു മൂടിയിട്ടുണ്ട്

ഭയക്കേണ്ട, അവളുടെ ഹൃദയം
അത്രമേൽ ആഴമുള്ളതാണ്
കിണർപോലെ...
നിങ്ങൾക്ക് സ്നേഹത്തിന്റെ തെളിനീർ മാത്രം ലഭിക്കുന്നത്

ഇടയ്ക്കൊന്നു ആഴങ്ങളിലേക്ക് ചെവിയോർക്കൂ
ആഗ്രഹങ്ങളുടെയും
മോഹങ്ങളുടെയും
ആർദ്രമാം ഉറവയൊഴുകുന്നതറിയാം


Sunday, July 30, 2017



        പുനർജ്ജനി

"പോക വേണമൊരു യാത്ര എനിക്കിന്ന്
ഏറെ ദൂരേയ്ക്കല്ലയെങ്കിൽ കൂടിയും
പോക വേണമൊരു യാത്ര എനിക്കിന്ന്...

ഒരു നോവിൽ നിന്നൊരു പുഞ്ചിരിയിലേക്ക്
ഒരു തിരസ്‌ക്കാരത്തിൽ നിന്നൊരാലിംഗനത്തിലേക്ക്
പോക വേണമൊരു യാത്ര എനിക്കിന്ന്...

ഒറ്റപെടലിൻ തീച്ചൂളയിൽ നിന്നൊരാൽത്തണലിലേക്ക്,
കുറ്റപ്പെടുത്തലിൻ മുൾപ്പടർപ്പിൽ നിന്നംഗീകരിക്കലിൻ പുൽമെത്തയിലേക്ക്
പോക വേണമൊരു യാത്ര എനിക്കിന്ന്

തോൽവിയെന്നോതിയ ജന്മത്തിൽ നിന്നും,
ഉയിർത്തെഴുന്നേറ്റു ജയിച്ചു നിൽക്കുമൊരു
പുൽകൊടിയാകുവാൻ
തോറ്റില്ല പ്രാണനിൽ, എന്നൊന്നു ബോധ്യമാകുവാൻ
ജീവിതത്തിലേക്ക്
പോക വേണമൊരു യാത്ര എനിക്കിന്ന്
ഏറെ ദൂരേയ്ക്കല്ലയെങ്കിൽ കൂടിയും....

  ✍  സിനി ശ്രീജിത്ത്
നമ്മുക്ക് ആ കടൽക്കരയിലേക്ക് യാത്ര പോവാം...
അവിടെ ഞാൻ പ്രണയിച്ച കടൽത്തീരവും നീ പ്രണയിച്ച മഴയും ചങ്ങാതിമാരാവും..
അന്ന് നമ്മുക്ക് പ്രണയത്തിൻ മഴച്ചാറ്റൽ ഏറ്റുവാങ്ങാം... 💝💝💝


 വിഷുക്കണി
*************
കണ്ണനാം ഉണ്ണിക്ക് കണി കാണാനായി
ഒരുക്കി ഓട്ടുരുളിയിൽ വിഷുക്കണി..

ഉണക്കലരിയും നെല്ലും
പിന്നെ നാളികേരമുറിയും
കണിക്കൊന്നയും,കണ്ണിമാങ്ങയും
കണിവെള്ളരിയും
ചക്കയും കദളിപ്പഴവും

പിന്നെയാ താലത്തിൽ വാൽകണ്ണാടിയും
കോടിമുണ്ടും നാണയവും ഒപ്പം വെറ്റിലയും
പിന്നെ നവധാന്യങ്ങളും..

ഏഴു തിരിയിട്ട നിലവിളക്കും
ഓട്ടുകിണ്ടിയിൽ വെള്ളവും
എല്ലാം ഒരുക്കി കണ്ണന്റെ മുന്നിൽ

കണിയൊന്നു കാണാം കണ്ണനൊപ്പം
ദീപം പോൽ തെളിയട്ടെ മനസ്സും
നന്മകളും ഐശ്വര്യവും ഏകീടട്ടെ
ഓരോ വിഷുക്കാലവും

✍സിനി ശ്രീജിത്ത്
കണിക്കൊന്ന
      *************

ഞാൻ വിഷു നാളിലെ കണിക്കൊന്ന
മരക്കൊമ്പിലായി എന്നെ നീ കണ്ടപ്പോൾ കൊതിയോടെ കൺനിറയെ നീ
നോക്കി നിന്നു ....

പറിച്ചെടുക്കാൻ ഏറെ കൊതിച്ചു നീ
അതിനായ് വിഷുവിനായി കാത്തിരുന്നു..

ഞെട്ടടർത്തി നീ അന്ന് കാണികാണാനായി കണ്ണന്റെ മുന്നിലായി ഏറെ സ്നേഹമായി
എന്നെ വെച്ചു ...
പിന്നെയാ ഉമ്മറപ്പടിയിലും തൂക്കിയിട്ടു..

ഒരു ദിനം രണ്ടു ദിനം പിന്നെ നീയും മുഖം തിരിച്ചു നടകന്നു
മൂന്നാം നാൾ മുറ്റത്തെ മൂലയിൽ വലിച്ചെറിഞ്ഞു..

പുണ്യമായി കണിയിൽ കണ്ടു തൊഴുതൊരെന്നെ
കണ്ടതായി ഒട്ടുമേ ഭാവിച്ചതില്ല നീയും..

എന്റെ വിധിയൊ നിന്റെ രീതിയോ
അറിയില്ലെനിക്കൊന്നുമേ..

പരിഭവിക്കാൻ അവകാശം ഇല്ലാത്തവൾ
കൊഴിയാനായി പിറവിയെടുത്തവൾ..

നിനക്ക് സന്തോഷമേകി
ഇന്നിതാ ഇതളടർന്നു ഞാനീ മണ്ണിലേക്ക്
ഒരു പുനർജ്ജനി തേടി...

✍സിനി ശ്രീജിത്ത്
നീ അറിഞ്ഞോ അങ്ങു ദൂരെ ആഴക്കടലിൽ മഴ പെയ്തു തുടങ്ങിയെന്ന്...

മറയുന്ന സൂര്യനെ ഓർത്തു ഇരുളാർന്നൊരു വാനം തേങ്ങിയതാവാം...

ഇങ്ങിവിടെ നിന്റെ മൗനത്തിൻ ആഴങ്ങളിൽ ഞാൻ വീണടിയുമ്പോൾ,
എന്നിലും പെയ്തിറങ്ങുന്നു ഒരു നോവു മഴ...

✍സിനി ശ്രീജിത്ത്
എന്റെ അമ്മ
*** *** *** ***

ആദ്യമായെന്റെ കണ്ണിലെ കാഴ്ചയായി
പിന്നെ, പൂക്കളെ പുഴകളെ കാട്ടി തന്നെന്റെ കാഴ്ചകളായി

കാക്കയെയും പൂച്ചയെയും അമ്പിളിമാമനേയും കാട്ടി തന്നേറ്റം കഥകൾ ചൊല്ലി
അക്ഷരങ്ങൾ ചൊല്ലി തന്നാ-
ദ്യത്തെയെന്റെ ഗുരുവുമായി

പിന്നെയെൻ കുസൃതികളിലും കുട്ടി കുറുമ്പിലും എരിവുള്ള ചൂരൽക്കഷായമായി

പതിയെ പതിയെ ഞാൻ പോലുമറിയാതെ എന്റെ പ്രിയ കൂട്ടുകാരിയായി

പടി കടന്നു വേറൊരു ജീവന്റെ നല്ലപാതിയായി
ഞാൻ അന്ന് മാറിടവേ
ഇടനെഞ്ചിൽ ഉള്ളുരുകും പ്രാർത്ഥനയും
കൺകോണിൽ കണ്ണീർ മുത്തുമായി
യാത്രയാക്കി

എത്ര വേഷം അമ്മയ്ക്ക്
എത്ര ഭാവം അമ്മയ്ക്ക്
ഓർക്കുവാൻ എന്തിനീ ദിനങ്ങൾ പ്രത്യേകമായി

ഇനിയൊരു ജന്മവും ഈ മടിതട്ടിലായി
എനിക്കേകുമോ പുനർജ്ജനി...!

✍സിനി ശ്രീജിത്ത്